---
title: "ഭീതിയുടെ പാലം; പാലപ്പുഴ പാലത്തിൽ തകർന്ന കൈവരികൾ പുനസ്ഥാപിക്കാൻ നടപടിയില്ല"
english_title: "Palappuzha Bridge Damaged Railings Not Restored Danger For Travelers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383198/palappuzha-bridge-damaged-railings-not-restored-danger-17092026`"
published_at: "2026-09-18T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac7b77782c5_1000297637.jpg"
keywords: ["Palappuzha", "Bridge"]
---

# ഭീതിയുടെ പാലം; പാലപ്പുഴ പാലത്തിൽ തകർന്ന കൈവരികൾ പുനസ്ഥാപിക്കാൻ നടപടിയില്ല

> **Lead Summary:** **പാലപ്പുഴ**: മുഴക്കുന്ന് പഞ്ചായത്തിനെയും ആറളം ഫാം കീഴ്പ്പള്ളി പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലപ്പുഴ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് നാളുകളേറെയായിട്ടും പുനസ്ഥാപിക്കാൻ നടപടിയായില്ല. കഴിഞ്ഞ വർഷങ്ങളിലുണ്ടായ കനത്ത മഴവെള്ളപ്പാച്ചിലിലാണ് പാലത്തിന്റെ കൈവരികൾ ഭൂരിഭാഗവും തകർന്നത്.

## Article Content

**പാലപ്പുഴ**: മുഴക്കുന്ന് പഞ്ചായത്തിനെയും ആറളം ഫാം കീഴ്പ്പള്ളി പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലപ്പുഴ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് നാളുകളേറെയായിട്ടും പുനസ്ഥാപിക്കാൻ നടപടിയായില്ല. കഴിഞ്ഞ വർഷങ്ങളിലുണ്ടായ കനത്ത മഴവെള്ളപ്പാച്ചിലിലാണ് പാലത്തിന്റെ കൈവരികൾ ഭൂരിഭാഗവും തകർന്നത്.

കാലവർഷത്തിൽ മഴവെള്ളപ്പാച്ചിൽ ശക്തിപ്പെടുമ്പോൾ വർഷത്തിൽ രണ്ടോ മൂന്നോ തവണ പാലത്തിന് മുകളിലൂടെ വെള്ളം കരകവിഞ്ഞൊഴുകാറുണ്ട്. ഇത്തരത്തിൽ ഒലിച്ചുവരുന്ന വൻമരങ്ങളും മറ്റ് അവശിഷ്ടങ്ങളും വന്നിടിച്ചാണ് പാലത്തിന്റെ കൈവരികൾ തകർന്നത്.

ആറളം ഫാം, കീഴ്പ്പള്ളി തുടങ്ങിയ മേഖലകളിലേക്ക് പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് പാലപ്പുഴ പാലം വഴി കടന്നുപോകുന്നത്. കൈവരികൾ ഇല്ലാത്തതിനാൽ ചെറിയൊരു അശ്രദ്ധ ഉണ്ടായാൽ പോലും വാഹനങ്ങൾ പുഴയിലേക്ക് പതിക്കാൻ സാധ്യതയേറെയാണ്.

കൂടാതെ ഇതുവഴി കടന്നുപോകുന്ന കാൽനട യാത്രക്കാർക്കും ഇത് കടുത്ത അപകടഭീഷണിയുയർത്തുന്നുണ്ട്. മേഖലയിലെ യാത്രാദുരിതവും അപകടസാധ്യതയും കണക്കിലെടുത്ത് തകർന്ന കൈവരികൾ അടിയന്തരമായി പുനർനിർമിക്കാൻ ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383198/palappuzha-bridge-damaged-railings-not-restored-danger-17092026`)